ഇന്ന് തിരക്കഥയെഴുതൂ, നാളെ സിനിമ പിടിച്ച് മറ്റന്നാൾ റിലീസ് ചെയ്യാം എന്ന രീതിയിലാണ് ഇന്ന് പല യുവാക്കളുടെയും വിജയ സങ്കൽപ്പം.
ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം, വിജയം ഒരു സ്ലോ പ്രോസസ്സ് ആണെന്നതാണ്. വിജയം ചിലരുടെ മാത്രം കുത്തകയാണെന്ന് വേണമെങ്കിൽ പറയാം, വിട്ടുകൊടുക്കാതെ സ്ഥിരോത്സാഹത്തോടുകൂടി പൊരുതുന്നവരുടെ കുത്തക. താല്പര്യമില്ലാത്ത മേഖലയിലേക്കാണ് ഒരുവൻ ഇറങ്ങിയതെങ്കിൽ ഇപ്രകാരം സ്ഥിരോത്സാഹത്തോടുകൂടി പൊരുതാനാവില്ല. താല്പര്യമാണ് വിജയത്തിൻറെ മൂലക്കല്ല്. ഇനി താൽപര്യം ഉള്ളതുകൊണ്ട് മാത്രമായോ? അറിവ് സമ്പാദിക്കുക എന്നതാണ് അടുത്ത പടി. അറിവ് സമ്പാദിക്കുക (acquisition of knowledge and skill) എന്നത് രണ്ട് രീതിയിലുണ്ട്. ഒന്ന് പ്രസ്തുത കർമ്മ മേഖലയിലെ അറിവ്. രണ്ടാമത്തേത് ഏത് കർമ്മമേഖലയിൽ ഇറങ്ങിയവനായാലും, പൊതുവായിട്ടുള്ള വിജയ രഹസ്യങ്ങളെ കുറിച്ചുള്ള അറിവ്.
വിജയ രഹസ്യങ്ങളെ കുറിച്ചുള്ള അറിവ് ഇല്ലാത്ത പക്ഷം, താൽപ്പര്യവും കഠിനാധ്വാനവും എത്രകണ്ടായാലും വിലപ്പോകില്ല. പരാജയം വരുമ്പോൾ പെട്ടെന്ന് പതറിപ്പോകും. കളിയാക്കലുകൾ, എതിർപ്പുകൾ, കുത്തു വാക്കുകൾ തുടങ്ങിയ അമ്പുകൾ വരുമ്പോൾ വീണുപോകും. പിന്നെ എഴുന്നേൽക്കാനാവില്ല. പരാജിതനായ സാധാരണക്കാരനെ പോലെ വിധിക്കടിപ്പെട്ട് മരിച്ച് ജീവിക്കും.
വിശദമായി സംസാരിക്കാം. താല്പര്യത്തെ കുറിച്ച് ഞാൻ പ്രതിപാദിച്ചിരുന്നു. ഈ താൽപ്പര്യം എന്നത് സ്ഥിരമായുള്ള ഒന്നാണ് എന്ന് കരുതരുത്. ഇത് വളർന്നു വരുന്ന സാഹചര്യം അനുസരിച്ച് മാറിമറിയും. ഉദാഹരണത്തിന്, ചെറുപ്പത്തിൽ ശാസ്ത്രജ്ഞനാവണം എന്നു പറഞ്ഞ ഒരു കുട്ടിക്ക് വളരുമ്പോൾ ചിലപ്പോൾ സിനിമാ സംവിധായകനാവാനായിരിക്കും ആഗ്രഹം. ചുരുക്കത്തിൽ താല്പര്യം എന്നത് ഒറ്റയടിക്ക് തീരുമാനിക്കപ്പെടുന്നതല്ല. മറിച്ച്, വളർന്നു വരുന്ന സാഹചര്യം, ജീവിതാനുഭവങ്ങൾ, വ്യക്തികളുടെ സ്വാധീനം, സ്വന്തം ചിന്തകൾ, നേടുന്ന അറിവ് തുടങ്ങി ഒരുപാട് കാര്യങ്ങൾ താല്പര്യത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കും. എന്നിരുന്നാലും ഒരുവന് ഏതാണ്ട് കൗമാര കാലഘട്ടം കഴിയുമ്പോഴേക്ക് ഏതാണ്ടൊരു രൂപത്തിലെത്താൻ കഴിയും. തൻറെ താല്പര്യത്തെ അന്വേഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എന്നത്, സ്വപ്നം കാണുന്ന മേഖലയെ, അഥവാ അതിൻറെ സ്വഭാവത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടോ എന്നതാണ്. ഒരിക്കലും മറ്റുള്ളവരുടെ വാക്ക് മാത്രം കേട്ട്, അഥവാ സമൂഹത്തിൻറെ ഒച്ചപ്പാടുകൾക്ക് അനുസൃതമായി താല്പര്യത്തെ നിശ്ചയിക്കരുത്. ഇത് യഥാർത്ഥ താല്പര്യത്തെ വളച്ചൊടിക്കുന്നതിന് തുല്യമാണ്. മറ്റുള്ളവരെ ശ്രവിക്കുക, എന്നാൽ നിന്റെ ഹൃദയത്തിൻറെ ഭാഷയെ മാത്രം അനുസരിക്കുക. സമൂഹത്തിൻറെ ഒച്ചപ്പാടുകൾക്ക് പിന്നാലെ പോയാൽ ഒരിക്കലും നിനക്ക് നിൻറെ അന്തർ ജ്ഞാനത്തെ ശ്രവിക്കാനോ അതിനെ അനുസരിക്കാനോ കഴിയില്ല.
താൽപ്പര്യ രൂപീകരണത്തിൽ പ്രഥമമായി ഇഷ്ടം തോന്നിയ മേഖലയെ കുറിച്ച് അറിവ് സമ്പാദിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് പ്രസ്തുത മേഖലയുടെ യഥാർത്ഥ സ്വഭാവം (Nature) അറിയാൻ വേണ്ടിയാണ്. കാരണം ഇതിലേക്കാണ് ഇനി ജീവിതം മുഴുവൻ അർപ്പിക്കാൻ പോകുന്നത്. ഇവിടെ പിഴച്ചാൽ പിന്നീട് നദിയിലിറങ്ങി കുളിക്കാതെ കയറുന്ന അവസ്ഥയാകും. സമയം വളരെ കുറവാണ് എന്നതാണ് സത്യം. അതിനാൽ മേഖലയിൽ തനിക്ക് യഥാർത്ഥത്തിൽ താൽപ്പര്യം ഉണ്ടോ എന്നത് പരിശോധിക്കുക അവനവൻറെ തന്നെ ഉത്തരവാദിത്തമാണ്. ഇത് സ്വയമേ സാധിക്കൂ. ഉന്നതമായ ചിന്ത, ഭാവന ചെയ്യൽ, ദൃശ്യവൽക്കരണം (visualization) തുടങ്ങിയവ ആവശ്യമാണ്. ഇവിടെ നല്ല രീതിയിൽ ചിന്താപരമായ അദ്ധ്വാനം വേണം. ഓർക്കുക, സാധാരണക്കാരനെ പോലെ ചിന്തിച്ചാൽ നിനക്ക് സാധാരണക്കാരനെ പോലെ ജീവിക്കാം, അസാധാരണക്കാരനെ പോലെ ചിന്തിച്ചാൽ അസാധാരണക്കാരനെ പോലെ ജീവിക്കാം. ഏത് വേണം എന്നത് സ്വയം തീരുമാനിക്കുക. ഇതൊന്നും വലുതും ചെറുതുമോ, ശരിയും തെറ്റുമോ അല്ല.
താല്പര്യത്തെ കണ്ടെത്തി, അതിനെ തെളിമയുള്ളതാക്കി അതിലേക്കിറങ്ങുക എന്നതാണ് അടുത്ത പടി. ഒരു തരത്തിൽ പറഞ്ഞാൽ തിരഞ്ഞെടുപ്പിന്റെ ഘട്ടം പൂർണ്ണമാവുന്നത് ഇവിടെയാണ്. ഇവിടെ പിഴച്ചാൽ പിന്നീട് മുൻപ് സൂചിപ്പിച്ചത് പോലെ സമയ നഷ്ടം ഉണ്ടാവും (എന്നിരുന്നാലും എല്ലാത്തിന്റെയും അവസാനമല്ല). ചിലർ സ്വമേധയാ താല്പര്യത്തിലേക്കെത്തപ്പെടും, ചിലർ യാദൃശ്ചികമായി എത്തപ്പെടും, മറ്റു ചിലർ ബോധപൂർവ്വം എത്തപ്പെടും. ഇതിൻറെ പിന്നിൽ നമുക്ക് അതീതമായ പ്രാപഞ്ചികമായ കാരണങ്ങൾ ഉണ്ട്. ചുരുക്കത്തിൽ ഓരോരുത്തരുടെയും വിളി, വഴി തുടങ്ങിയവ വ്യത്യസ്ഥമാണ്. അതിനാൽ അപരന് സംഭവിച്ചത് പോലെ എനിക്ക് സംഭവിക്കും എന്ന് വിചാരിക്കരുത്. ഇതും സമയ നഷ്ടത്തിൽ കലാശിക്കും.
താൽപ്പര്യം കണ്ടെത്തി ഉറപ്പിച്ചാൽ പിന്നീടുള്ള നിൻറെ ദൗത്യം എന്നത് അറിവ് സമ്പാദിക്കുക എന്നതാണ്. ഭാരതീയ പുരാണങ്ങളിൽ പറയുന്നു, അറിവ് (knowledge) കാറ്റ് പോലെയാണ്. അതിനാൽ എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടുവിൻ. അത് പ്രവേശിക്കട്ടെ. എവിടെ നിന്നാണ് വരുന്നതെങ്കിലും, അത് സ്വീകരിക്കുക. സ്രോതസ്സല്ല പ്രധാനം, അറിവാണ്. മഹാനായ ഗുരുവിൽ നിന്നും ഭ്രാന്തനും നഗ്നനുമായ ഭിക്ഷക്കാരനിൽ നിന്നും വ്യത്യസ്ത പാഠങ്ങൾ നിനക്ക് പഠിക്കാനുണ്ടായിരിക്കും. ഈ പഠനം വിജയത്തിൻറെ ഏത് കൊടുമുടി കയറിയാലും, ഇനി മരണമെന്ന പരിവർത്തന ഘട്ടമെത്തിയായാലും തീരുന്നതല്ല.
പ്രാഥമികമായ ഈ അറിവ് സമ്പാദനം കഴിഞ്ഞാൽ കർമ്മം ആരംഭിക്കുക എന്നതാണ്. സമൂഹം എപ്പോഴും നിന്നെ സാധാരണക്കാരനാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ ആരംഭത്തിൽ വിജയം പ്രതീഷിക്കുകയേ വേണ്ട. കയ്യടികൾ ലഭിച്ചേക്കാം, അത് താൽക്കാലികം മാത്രമായിരിക്കും. പിന്നീട് കയ്യടിച്ചവർ നിന്നെ മറക്കും. എന്നാൽ കയ്യടിക്കാതിരുന്നവർ ഇത് ശ്രദ്ധിക്കും. അവർ ചിരിക്കും. എന്നിട്ട് ആത്മഗതം ചെയ്യും. അവന്റെ അല്ലെങ്കിൽ അവളുടെ ഊർജം തീർന്നു. പക്ഷെ അവരെ വെറുക്കരുത്. കയ്യടിച്ചവരെ മറക്കുകയുമരുത് മുന്നോട്ട് പോവുക. ഓരോ വീഴ്ചകളിൽ നിന്നും പഠിക്കുക. അനുഭവത്തെ ജ്ഞാനമാക്കുക, അപ്പോൾ നിനക്ക് മനസിലാകും, പരാജയം വിജയത്തിൻറെ ചവിട്ടുപടി മാത്രമല്ല, വിജയത്തിലേക്കുള്ള വാതിൽ കൂടിയാണെന്ന്. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയെട്ടെ. നേരത്തെ പറഞ്ഞ താല്പര്യത്തെ കുറിച്ച് വ്യക്തമായി പഠിക്കാതെ വന്നവരും കഠിനാധ്വാനത്തിൻറെ ഈ ഘട്ടത്തിൽ എത്താറുണ്ട്. സ്വാഭാവികമായും അവരും വീഴും. എന്നാൽ സ്ഥിരോത്സാഹത്തോടെ ഊർജം നഷ്ടപ്പെടാതെ മുന്നോട്ട് പോകാനാവുന്നുണ്ടെങ്കിൽ അത്തരക്കാർക്ക് തൻറെ പ്രാപഞ്ചിക വിളിയുള്ള മേഖലയിലാണ് താൻ എത്തിപ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പിക്കാം. എന്നാൽ വീണ് പോകുന്ന മറ്റൊരു വിഭാഗത്തിന് ചിലപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. മാനസിക സമ്മർദ്ദവും താല്പര്യമില്ലായ്കയും അധികരിക്കാം. ഇതും പരാജയമല്ല. നിരാശരാകാതെ പുനർ വിചിന്തനം നടത്തുക. തക്ക സമയത്ത് തീരുമാനങ്ങളെടുക്കുക, പുതിയ തല്പര മേഖലയെ കണ്ടെത്തി പുതിയ വഴിയിലൂടെ നടക്കുക. പുറമെ നിന്നുള്ള പിന്തുണ ആവശ്യമെങ്കിൽ വിനിയോഗിക്കുക. ഇനി വീണു പോകുന്നവരിൽ അവസാനത്തെ വിഭാഗത്തിന്റെ കാര്യം പറയാം. ഇവർ മുന്നോട്ട് പോകുമ്പോൾ വീഴ്ച സംഭവിച്ചാൽ സ്വാഭാവികമായും അഥവാ പ്രകൃത്യാൽ തന്നെ എഴുന്നേറ്റ് വഴിമാറി സഞ്ചരിക്കുന്നവരാണ്. ഇവർക്ക് പുറമെ നിന്നുള്ള പിന്തുണ ആവശ്യമായി വരാറില്ല.
കഠിനാദ്ധ്വാനത്തിൻറെ ഈ ഘട്ടത്തിൽ പ്രത്യേകമായി മനസ്സിലാക്കേണ്ട ഒരു രഹസ്യം, നിനക്ക് താൽപ്പര്യമില്ലാത്ത ഒരു മേഖലയിലാണ് ആയിരിക്കുന്നത് എങ്കിൽ, ദീർഘകാല അടിസ്ഥാനത്തിൽ പരിശ്രമിക്കാനുള്ള ഊർജ്ജം ലഭിക്കാതെ വരും എന്നതാണ്. (ഹ്രസ്വകാല ഊർജ്ജക്കുറവുകൾ ശരിയായ മേഖലയിലാണ് സഞ്ചരിക്കുന്നതെങ്കിലും ഉണ്ടാവും). ചുരുക്കി പറഞ്ഞാൽ, വെറും കഠിനാദ്ധ്വാനമല്ല സ്ഥിരമായ അർപ്പണ ബോധത്തോടെയുള്ള അസാധാരണമായുള്ള പരിശ്രമം ആവശ്യമാണ്. അത് ആസ്വദിച്ചു കൊണ്ട് ചെയ്യാനും സാധിക്കണം. ഇത് സാധ്യമാണെങ്കിൽ ഉറപ്പായും വിജയത്തിന്റെ വെളിച്ചം അതിന്റെ മനോഹരമായ ഉദയം നീ കാണുകതന്നെ ചെയ്യും...
- ജിയൊ കാപ്പൻ, ലൈഫ് ഗുരു
😍Thank you
ReplyDeleteYou are most welcome.
DeleteSuper content. Highly informative
ReplyDelete