ജോലിയില്ലെങ്കില്‍ നീ ദരിദ്രനായി മാറും. അതിനാല്‍ ഭയപ്പെടുക. ആജ്ഞകളെ ചോദ്യം ചെയ്താല്‍ നിന്റെ തൊഴില്‍ നഷ്ടപ്പെടും, നിന്റെ നിലനില്‍പിനെയും അത് ബാധിക്കും. അതിനാല്‍ നിശബ്ദനായി അനുസരിക്കുക. ഭയപ്പെടുക. നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ത്താല്‍ നിനക്കു ശിക്ഷ. അതിനാല്‍ ഭയപ്പെടുക. ഭരണകൂടം നിന്നെ സംരക്ഷിച്ചില്ലെങ്കില്‍ ബാഹ്യശക്തികള്‍ നിന്നെ ആക്രമിക്കും. ഭയപ്പെടുക.
നാം ജനിച്ചു, വളര്‍ന്നു. വിദ്യാലയത്തില്‍ അയക്കപ്പെട്ടു. പിന്നെ കലാലയത്തിലേക്ക്. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസം. തൊഴില്‍ നേടി. വിവാഹം കഴിച്ചു. കുട്ടികള്‍ ജനിക്കട്ടെ. അവരെയും വളര്‍ത്തി. വിദ്യാലയത്തിലേക്കയച്ചു. എന്നിട്ട് സ്വാതന്ത്ര്യം എഴെുതിയ തുണി കൊണ്ട് വായ മൂടിക്കെട്ടി, "ഞാന്‍ സ്വതന്ത്രനാണ്" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നാം നടന്ന അതേ പാതയോരത്തുകൂടി നടക്കാന്‍ അവരെയും പഠിപ്പിച്ചു.
ഇങ്ങനെ ജനിച്ച നാള്‍ മുതല്‍ ഉപാധി ചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാലയങ്ങള്‍ നമ്മെ നിശബ്ദനും, ഉദാസീനനും, നിഷ്‌കൃയനും, മരവിച്ചവനുമായിരിക്കാന്‍ പഠിപ്പിച്ചു. മാധ്യമങ്ങള്‍ നമ്മെ പ്രതികരണശേഷിയില്ലാത്തവരും വികാരരഹിതരുമാക്കി മാറ്റിയതോടൊപ്പം, ഏകദേശം എട്ട് ബില്യൺ ജനങ്ങള്‍ വസിക്കുന്ന ഈ ഗ്രഹത്തില്‍ ഒറ്റപ്പെടുന്നുവെന്ന് തോന്നിപ്പിക്കുന്നത് കേവലം സാധാരണമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ശോഭനമായ ഭാവിക്കുവേണ്ടി നാം കഠിനാധ്വാനം ചെയ്തു. എന്നാല്‍ ജിവിതത്തിന്റെ തൊട്ടടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പോന്ന പ്രതിഫലം മാത്രം ലഭിച്ചു. നാം മാറ്റത്തെ കാത്തിരുന്നു. എന്നാല്‍ ഭയം നമ്മെ ഭരിച്ചു. പുതിയ പ്രഭാതം സ്വപ്നം കണ്ടു. തനിയാവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായി. എല്ലാം 'നാളെ' ആയിരുന്നു. എന്നാല്‍ ആ 'നാളെ' മാത്രം വന്നില്ല. ഇതുവരെ ജീവിക്കുകയായിരുില്ല എന്ന സത്യം വളരെ വൈകി തിരിച്ചറിഞ്ഞു. എത്രമാത്രം അദ്ധ്വാനിച്ചിട്ടും, ആഘോഷിച്ചിട്ടും, ചിലവഴിച്ചിട്ടും തള്ളിക്കളയാനാവാത്ത നഷ്ടബോധം മാത്രം ബാക്കി. ഒരുവന്‍ ധനവാനായിരിക്കുതും അപരന്‍ ദരിദ്രനായിരിക്കുതും പ്രകൃതിനിയമം എന്ന യുക്തിഹീനമായ ആശയത്തെ നാം അംഗീകരിക്കേണ്ടതായി വന്നു. സമൂഹം, കൂട്ടുചേരല്‍, സംസ്‌കാരം, എന്തിന് സമയത്തെപോലും നാം വിലകൊടുത്ത് വാങ്ങേണ്ടതായി വന്നു. അങ്ങനെ ഭൂമിയില്‍ ജീവിക്കാന്‍ പണമടയ്‌ക്കേണ്ടി വന്ന ഒരേയൊരു ജീവിയായി മനുഷ്യന്‍ മാറി.
എന്തൊരു സാംസ്‌കാരിക പരിഷ്‌കരണം! ഏകദേശം എട്ടു ബില്യൺ ജനങ്ങള്‍ അന്വോന്യം തോളില്‍ കയറിനിന്ന് സഹോദരന്റെ പല്ലിനിട്ട് തൊഴിക്കുന്നു. ഇത് സന്തോഷകരമായ അവസ്ഥയല്ല. ഒന്ന് മാറിനിന്ന് വീക്ഷിച്ചാല്‍ കാണാം, നമുക്ക് പണമുണ്ട്, അധികാരികളുണ്ട്, വൈദ്യശാസ്ത്രത്തിലും ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലും അറിവുണ്ട്. ഇനിയും പ്രകടിപ്പിക്കാതെ അബോധതലങ്ങളിലെവിടെയോ ഒളിച്ചുവച്ച സ്‌നേഹവും യഥേഷ്ടമുണ്ട്. ചുരുക്കത്തില്‍ ഈ ഭൂവില്‍ ഒരു സ്വര്‍ഗ്ഗം പണിയാന്‍ ആവശ്യമായതെല്ലാം.
പക്ഷെ താളപ്പിഴകള്‍ സംഭവിച്ചു. നമ്മളില്‍ കുറഞ്ഞവര്‍ നമ്മെ നയിക്കുന്നു. നിസ്സംഗതയുടെ ഫലമായി അയോഗ്യരെ നാം തിരഞ്ഞെടുത്തു. ബുദ്ധി, വിനയം, ദാര്‍ശനികത, മൗലികത ഇവ ഏറ്റവും കുറഞ്ഞ വ്യാജന്‍മാരെ നാം നേതാവാക്കി. ഇവര്‍ മനുഷ്യത്വരഹിത മൂല്യങ്ങളുമായി നമ്മെ പിന്നൊട്ടു നയിക്കുന്നു.
ഈ അവസ്ഥ മാറണം. ഇതിനുള്ള പോംവഴി വിപ്ലവമെന്നു കരുതിയെങ്കില്‍ തെറ്റി. കാരണം, 'വിപ്ലവം' എന്ന വാക്ക് പലരും ഉപയോഗിച്ച് അര്‍ത്ഥശൂന്യമാക്കി മാറ്റിയിരിക്കുന്നു. അത് പഴകിയിരിക്കുന്നു. മാത്രമല്ല, അതിന് ഹിംസയുടെ മുഖഛായയും രക്തത്തിന്റെ ചുവയുമുണ്ട്. വിപ്ലവത്തിനു പകരം നമുക്കാവശ്യം 'വികാസം' അഥവാ 'പരിണാമം' ആണ്. സാമ്പത്തിക വികസനമോ നിലവിലുള്ള വ്യവസ്ഥിതിയുടെ വികസനമോ അല്ല ഉദ്ധേശിക്കുത്. മറിച്ച് ഓരോ വ്യക്തിയുടേയും ബോധമണ്ഡലത്തിലുള്ള വികാസം (expansion of consciousness). പരിണാമത്തിന്റെ അഥവാ മാറ്റത്തിന്റെ കാലഘട്ടം. തന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുന്നതിനു പകരം സ്രഷ്ടാവിന്റെ ഹിതം തന്നിലൂടെ നിറവേറ്റാന്‍ പ്രാര്‍ത്ഥിക്കുന്ന വിശാലഹൃദയരുടെ കാലം. അതുല്യമായ കരുണയുടെയും സഹാനുഭൂതിയുടെയും കാലം. മുന്‍കൂട്ടി കാണാന്‍ പ്രയാസമുള്ളതും എന്നാല്‍ ഒരുമിച്ച് സൃഷ്ടിക്കേണ്ടതുമായ കാലം. ഇവിടെ നാം അധികാരം പിടിച്ചെടുക്കുന്നില്ല. എന്നാല്‍ സ്വയം ശക്തിപ്പെടുത്തുന്നു. കാരണം നാം മനുഷ്യരാണ്. നാം ഉണര്‍ന്നിരിക്കുന്നു. നമ്മുടെ വിധിയെ നാം തന്നെ നേടുന്നു.
ഈ സ്വപ്നം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിയെന്ന ചട്ടക്കൂടിനു പുറമെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ കൂട് ഭയത്താലും ശിക്ഷയാലും നിര്‍മ്മിതമായി രിക്കുന്നു. ഈ സ്വയം സംരക്ഷിത കാരാഗ്രഹം ആശങ്കയുടെ താഴുകൊണ്ട് പൂട്ടിയിരിക്കുന്നു. ഇതു തുറക്കുന്നതിനായി സത്യത്തിന്റെ താക്കോല്‍ ആവശ്യമാണ്. തുറക്കപ്പെടുതാവട്ടെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും അനന്തതയിലേക്കും. സത്യത്തിന്റെ അഥവാ വെളിച്ചത്തിന്റെ താക്കോലുമായി ചില ദൈവദൂതന്‍മാര്‍ വന്നിരുന്നു. അവര്‍ നമ്മെ സ്വതന്ത്ര ചിന്തകരാവാന്‍ ആഹ്വാനം ചെയ്തു. പക്ഷെ നമ്മള്‍ അതിനു തയ്യാറായില്ല.
ബാം! അവരുടെ തിരുനെറ്റി നോക്കി നാം നിറയൊഴിച്ചു. ഹൃദയത്തില്‍ കൂരമ്പു കയറ്റി. സത്യവചനങ്ങള്‍ പ്രഘോഷിച്ച അവരുടെ കണ്ഠങ്ങള്‍ക്കെതിരെ നാം വാള്‍ ചുഴറ്റി. മനുഷ്യരാശിക്കുവേണ്ടി സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഊര്‍ജ്ജം സംഭരിച്ചുവച്ച അവരുടെ മണിപൂരിക ചക്രത്തില്‍ നാം ചതിയുടെ കഠാര കയറ്റി. സത്യത്തിന്റെ പാതയിലൂടെ നയിച്ച അവരുടെ കണങ്കാലുകള്‍ തകര്‍ത്തു. തിന്‍മയുടെയും അശാന്തിയുടെയും പടുകുഴിയില്‍ നിന്നും പിടിച്ചുയര്‍ത്താന്‍ നീട്ടിയ പാണികളില്‍ നാം ഇരുമ്പാണി തറച്ചു. സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിച്ചവര്‍ക്ക് കാരാഗൃഹം സമ്മാനിച്ചു. യേശു, ഗാന്ധി, അബ്രഹാം ലിങ്കൺ, ജോൺ കെന്നഡി, ബോബി കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, മഡ്ഗാര്‍ എവേഴ്‌സ്, മാല്‍കം എക്‌സ്, ജോൺ ലെണന്‍... അങ്ങിനെ നീളുന്നു അവരുടെ അനശ്വര സൈന്യനിര. അവര്‍ നമ്മെ സമാധാനത്തിലും എക്യത്തിലും ജിവിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ നാം അവരുടെ നാമത്തില്‍ തന്നെ വിഭാഗങ്ങളുണ്ടാക്കി. വീണ്ടും പൈശാചിക വിഭജന തന്ത്രങ്ങള്‍ക്ക് പാത്രമായികൊണ്ടിരുന്നു. അവര്‍ നമ്മെ സ്വതന്ത്ര ചിന്തകരാവാന്‍ ക്ഷണിച്ചു. പക്ഷെ നാമവരെ കല്ലെറിഞ്ഞു. എന്നാല്‍ പില്‍ക്കാലത്ത് ലോകം അവരെ ആരാധനയോടെ കണ്ടു. കാരണം അവര്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
അവര്‍ സമൂഹത്തിന്റെ അതിര്‍വരമ്പുകളില്‍ കഴിഞ്ഞു. ദാര്‍ശനികതയോടെ സംസാരിച്ചു. സത്യത്തിനും നീതിക്കുമായി നിലകൊണ്ടു. സത്യം വെളിവാകുതുമൂലം ഒന്ന് തകര്‍ക്കപ്പെടുന്നുവെങ്കില്‍ അത് തകര്‍ക്കപ്പെടുവാനുള്ളതു തന്നെ എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നു. സൃഷ്ടിയുടെ ഉത്ഭവകേന്ദ്രമായ, അനിര്‍വചനീയമായ മഹാശക്തിയെ ഒഴികെ മറ്റൊന്നിനെയും അവര്‍ ഭയപ്പെട്ടില്ല. കാരണം സൃഷ്ടിയെ പൂര്‍ണ്ണതയിലെത്തിക്കാനുള്ള സ്രഷ്ടാവിന്റെ ഉപകരണങ്ങളായിരുന്നു അവര്‍. അവരിലൂടെ സ്രഷ്ടാവ് സൃഷ്ടിയോട് സംവദിച്ചു: "അഹം ബ്രഹ്മാസ്മി തത്വമസി". അവര്‍ സീമകളില്‍ ജീവിച്ചു. ഇരുളില്‍ കഴിഞ്ഞവര്‍ക്ക് പ്രകാശമായി. അവര്‍ സാധാരണത്വത്തിന്റെ മയക്കത്തില്‍ വീഴാതെ അസാധാരണത്വത്തിന്റെ ഉണര്‍വിലേക്ക് ഉയര്‍ന്നു. അവര്‍ മനുഷ്യ ചരിത്രത്തിന്റെ സംവിധായകരാകാന്‍ വിളിക്കപ്പെട്ടവരായിരുന്നു. സ്വതന്ത്രചിന്തകര്‍. ജ്ഞാനോദയം കാത്തിരു താപസികര്‍. ചരിത്രത്തില്‍ സ്വതന്ത്രചിന്തകരുടെ സാന്നിദ്ധ്യം നാം ദര്‍ശിച്ചു. ഇന്ന് ആധുനികതയുടെ കോലാഹലങ്ങള്‍ക്കിടയില്‍ അവരെവിടെയാണ്? ബാഹ്യലോകത്തേക്കാണു നോക്കുതെങ്കില്‍ വീക്ഷണം മാറ്റേണ്ടിയിരിക്കുന്നു. ഉള്ളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. അവിടെ കാണാം, സാമൂഹിക സമ്മര്‍ദ്ദങ്ങളാലും തെറ്റായ ശിക്ഷണത്താലും, ഉപാധി വയ്പുകളാലും വളര്‍ച്ച മുരടിച്ചുപോയ, വിളറിയ ഒരു സ്വതന്ത്രചിന്തകനെ. അവനറിയാം സത്യമാകുന്ന വെളിച്ചത്തിലേക്കുള്ള പാത. പക്ഷേ, വളര്‍ത്തേണ്ടിയിരിക്കുന്നു. അഥവാ പ്രാപ്തനാ ക്കേണ്ടിയിരിക്കുന്നു, ഈ പാതയത്രയും നടന്നു തീര്‍ക്കുവാന്‍. പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു, നാമോരോരുത്തരും സ്വതന്ത്രചിന്തയെ. ഒിന്നിച്ചുയരേണ്ടിയിരിക്കുന്നു, നല്ലൊരു നാളെയെ പടുത്തുയര്‍ക്കാന്‍. കാരണം, ഇത് മാറ്റത്തിന്റെ അഥവാ പരിണാമത്തിന്റെ സമയമാണ്.
സ്വതന്ത്രചിന്തയിലേയ്ക്ക് വളരാന്‍ നാമറിയേണ്ട അടിസ്ഥാന വസ്തുതകള്‍
1. വീക്ഷണം ഒരു താക്കോല്‍
"നാം കേള്‍ക്കുതത്രയും അഭിപ്രായങ്ങള്‍ മാത്രമാണ്, വസ്തുതകളല്ല. കാണുന്നത് വീക്ഷണം മാത്രമാണ്, യാഥാര്‍ത്ഥ്യമല്ല." - മാര്‍കസ് ഓറീലിയസ് (Marcus Aurelius)
ഇതില്‍ നിന്നും മനസ്സിലാക്കാം 'വീക്ഷണം' യാഥാര്‍ത്ഥ്യമല്ല. മറിച്ച്, യാഥാര്‍ത്ഥ്യത്തിലേക്കുള്ള താക്കോല്‍ മാത്രമാണ്. വീക്ഷണം എല്ലാറ്റിനെയും മാറ്റിമിറക്കുന്നു. കാഴ്ചപ്പാട് മാറുമ്പോള്‍ വ്യത്യസ്തതകള്‍ സമാനതകളും സമാനതകള്‍ വ്യത്യസ്തതകളുമാവുന്നു. ശക്തവും ദൃഢവുമെന്ന് നാം കരുതുന്ന തത്വങ്ങള്‍ പോലും വീക്ഷണം മാറുമ്പോള്‍ അശക്തമാവുന്നതും അടര്‍ന്നു വീഴുന്നതും കാണാം. നഷ്ടങ്ങള്‍ നേട്ടങ്ങളാവുന്നു. ദൗര്‍ഭാഗ്യങ്ങള്‍ അവസരങ്ങളാവുന്നു. പ്രശ്‌നങ്ങള്‍ പരിഹാരങ്ങളാകുന്നു. ഒരു വശത്ത് പരാജയമെന്ന് തോന്നുന്നവ മറുവശത്ത് വിജയമാവുന്നു. സ്വതന്ത്രചിന്തകര്‍ സത്യാന്വേഷികളാണ്. സത്യത്തെ അഥവാ യാഥാര്‍ത്ഥ്യത്തെ കാണുക എന്നത് അന്തിമലക്ഷ്യം. അതിനാല്‍ മര്‍ക്കട മുഷ്ടിക്കടിപ്പെടാതെ, വിവിധ വീക്ഷണ കോണുകളില്‍നിന്ന് കാര്യങ്ങളെ നോക്കി കാണേണ്ടിയിരിക്കുന്നു. ഈ വഴക്കമാണ് അടിസ്ഥാന ഗുണങ്ങളില്‍ ആദ്യത്തേത്.
2. ചിന്തയെക്കുറിച്ച് ചിന്തിക്കുക
"നാം കുട്ടികളെ എന്ത് ചിന്തിക്കണമെന്ന് പഠിപ്പിക്കുതിനു പകരം എങ്ങിനെ ചിന്തിക്കണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു."
ചിന്തയെക്കുറിച്ച് ചിന്തിക്കുക. പാശ്ചാത്യ മനഃശാസ്ത്രജ്ഞർ ഇതിനെ 'മെറ്റാകൊഗ്നിഷന്‍' (meta-cognition) എന്ന് വിളിക്കുന്നു. ചിന്തയെക്കുറിച്ചുള്ള ചിന്ത. അറിയുതിനെക്കുറിച്ചുള്ള അറിവ്. "ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു?," "ഏതേതു ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു?", "എനിക്കെന്തറിയാം?", "ഈ അറിവ് എവിടെനിന്ന്?", "എന്താണ് അറിവ്?", "എന്റെ ചിന്തകൾ എവിടെ നിന്ന് വരുന്നു?", "ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം എന്ത്?"... ഇവയൊും എളുപ്പത്തില്‍ ഉത്തരം ലഭിക്കാവുന്ന ചോദ്യങ്ങളല്ല. പക്ഷെ, സ്വതന്ത്രചിന്തകൻ കുറഞ്ഞപക്ഷം ഇത്യാതി വസ്തുതകള്‍ നിലനില്‍ക്കുന്നു എന്നതിനെക്കുറിച്ചെങ്കിലും ബോധവാനായിരിക്കണം.
3. സര്‍ഗാത്മകത നമ്മുടെ ജന്മാവകാശം
"എല്ലാവരും കാണുന്നത് കാണുകയും, എന്നാല്‍ ആരും ചിന്തിക്കാത്ത രീതിയില്‍ ചിന്തിക്കുകയും ചെയ്യന്നതിനെ സര്‍ഗാത്മകത എന്നു വിളിക്കാം." - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബാഹ്യദൃഷ്ടിയില്‍ ബന്ധമില്ലെന്നു തോന്നിപ്പിക്കുന്നവയെ ബന്ധിപ്പിക്കാനുള്ള ശേഷിയാണ് സര്‍ഗാത്മകത. തോല്‍വിയെ ഒരു കലയായി കാണാന്‍ കഴിയുമ്പോള്‍ സര്‍ഗാത്മകത ജനിക്കുന്നു. തോല്‍വിയെ ഭയക്കാതിരിക്കുക എന്നതാണ് സര്‍ഗാത്മകതയുടെ അടിസ്ഥാനം. ഗുരു ശിഷ്യനേക്കാള്‍ കൂടുതല്‍ തവണ പരാജയപ്പെട്ടിരിക്കുന്നു. സ്ഥാപിത സംവിധാനത്തിന് പുറത്തു കടന്ന്, വ്യത്യസ്തങ്ങളായ വീക്ഷണകോണുകളില്‍ നിന്ന് വസ്തുതകളെ നോക്കി കാണുന്നതിന്റെ ഫലമായി സര്‍ഗ്ഗ സൃഷ്ടികള്‍ രൂപം കൊള്ളുന്നു. സര്‍ഗാത്മക ചിന്തകരെ അഥവാ കലാകാരന്മാരെ നാം സമുദായാചാര ലംഘകര്‍, ക്രമരഹിത ശീലങ്ങളുള്ളവര്‍, കിറുക്കന്‍മാര്‍ എന്നീ നിലകളിലൊക്കെ ചുട്ടികുത്തിയിട്ടുണ്ട്. കാരണം വിവിധ കാര്യങ്ങളില്‍ ഇവര്‍ നമ്മില്‍ നിന്നും വ്യത്യസ്തരാണ്. എന്നാല്‍ സര്‍ഗസൃഷ്ടിക്കുള്ള കഴിവ് എല്ലാവരിലുമുണ്ട്. സ്വതന്ത്രചിന്തകര്‍ ഇത് കണ്ടെത്തി വളര്‍ത്തേണ്ടിയിരിക്കുന്നു. കാരണം, സര്‍ഗശേഷി സ്വതന്ത്രചിന്തകന്റെ ആവനാഴിയിലെ വിലയേറിയ അസ്ത്രങ്ങളിലൊന്നാണ്. നാളെയിലേക്ക് തൊടുക്കുന്ന അസ്ത്രം.
4. അറിവിന്റെ പരമോന്നത സ്രോതസ്സ് വിദ്യാലയങ്ങളല്ല.
"എല്ലാവരും ബുദ്ധിജീവികളാണ്. പക്ഷെ ഒരു മത്സ്യത്തെ അതിന്റെ മരം കേറാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ വിധിച്ചാല്‍, ജീവിതകാലം മുഴുവന്‍ താനൊരു വിഡ്ഡിയാണെന്ന് തന്നെ അതു കരുതും." - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ഒരുപാടു പരിമിതികളുള്ള നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി സര്‍ഗശേഷികളെ കണ്ടെത്തി വളര്‍ത്തുന്നതിനു പകരം പരോക്ഷമായി അതിനെ തളര്‍ത്തി. അതുല്യതയെ അടിച്ചമര്‍ത്തി സമാനതകളാക്കാന്‍ ശ്രമിച്ചു. അതു നമ്മെ കാലചക്രത്തിന്റെ യന്ത്രപല്ലുപോലെ ക്രമപ്പെടുത്തി. മനുഷ്യരാശിയുടെ യാന്ത്രിക-റിഡക്ഷനിസ്റ്റ് ചിത്രങ്ങളാക്കി മാറ്റി. വിദ്യാലയങ്ങള്‍ സമുന്നത സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിച്ചു. ഒരു കോര്‍പ്പറേറ്റു കമ്പനിക്കു കീഴില്‍ എങ്ങിനെ ഒരു സാധാരണ ജോലിക്കാരനായി നില്‍ക്കാം എന്ന് പഠിപ്പിക്കുന്നതിനുള്ള പരിശീലന കളരികളായി നമ്മുടെ വിദ്യാലയങ്ങള്‍ അധപതിച്ചു. പഴമയുടെ ശ്രേഷ്ഠജ്ഞാനത്തെ ആധുനികതയുടെ ഉപരിപ്ലവ യുക്തിചിന്തകൊണ്ട് പുച്ഛിക്കാന്‍ പഠിപ്പിച്ചു. പഴയ വിദ്യാഭ്യാസ വ്യവസ്ഥിതി ഓര്‍മശക്തി അളന്നുവെങ്കില്‍, പുതിയ വ്യവസ്ഥിതി ഇന്റേണല്‍ മാര്‍ക്ക് കിട്ടാന്‍ എങ്ങിനെ അയോഗ്യരായ അദ്ധ്യാപകരുടെ (കോര്‍പ്പറേറ്റ് പ്രതിനിധി) മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കാം എന്നു പഠിപ്പിച്ചു. നാമധേയമില്ലാത്ത ശാസ്ത്രജ്ഞര്‍ ഉണ്ടായി. പക്ഷെ മഹാന്‍മാര്‍ ഉണ്ടായില്ല. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളുടെ പിന്നില്‍ കോര്‍പ്പറേറ്റുകളുടെ നാമം മുഴങ്ങിക്കേട്ടു. ശാസ്ത്ര - സാങ്കേതിക മേളകളില്‍ അത്ഭുതകരമായ ആശയങ്ങള്‍ മുന്നോട്ടുവച്ച് നമ്മെയെല്ലാം ഞെട്ടിച്ച നക്ഷത്രക്കുഞ്ഞുങ്ങളെ പിന്നീട് നാമാരും കണ്ടില്ല. അവര്‍ നിശബ്ദരായി ഏതോ കോര്‍പ്പറേറ്റുകളുടെ ശീതീകരിച്ച മുറികളില്‍ ഒതുങ്ങിപോയി. സ്വതന്ത്ര ചിന്തകന്‍ തന്റെ വിദ്യാഭ്യാസത്തെ വിദ്യാലയവുമായി കൂട്ടിക്കുഴയ്ക്കാതിരിക്കട്ടെ. ലോകം ഒരു പരീക്ഷണശാലയും അനുഭവങ്ങള്‍ കഴിഞ്ഞുപോയ പരീക്ഷണങ്ങളുമാവട്ടെ. റാല്‍ഫ് വാഡോ എമേഴ്‌സന്റെ വാക്കുകള്‍ ഓര്‍ക്കുക:
"നമ്മള്‍ വാക്കുകളുടെ വിദ്യാര്‍ത്ഥികള്‍. നാം വിദ്യാലയങ്ങളിലും, കലാലയങ്ങളിലും, വായനാമുറികളിലും, പത്തും, പതിനഞ്ചും വര്‍ഷങ്ങളോളം വായ പൂട്ടിയിരുന്നു. അവസാനം പുസ്തക സഞ്ചികളില്‍ കാറ്റുനിറച്ച്, ഓര്‍മ്മയില്‍ ഒരു കൂട്ടം വാക്കുകളും നിറച്ച്, ഒരു വസ്തുവുമറിയാതെ പുറത്തു വന്നു."
5. ഗണചിന്തനവും കപടസദാചാരവും നമ്മുടെ ശത്രുക്കള്‍.
"ഞാന്‍ ആരെയും, അവരുടെ മലിനമായ കാലുകളാല്‍ എന്റെ ഹൃദയത്തിലൂടെ നടക്കാന്‍ അനുവദിക്കുകയില്ല." - മഹാത്മാഗാന്ധി
ഗണചിന്തനം (group thinking) നടത്തുമ്പോള്‍ നാം അബോധ തലത്തില്‍ ആള്‍ക്കൂട്ടത്തിന്റെ താളത്തിനൊത്ത് ഒഴുകാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ആര്‍പ്പുവിളിക്കുമ്പോള്‍ നമുക്കും ആര്‍പ്പു വിളിക്കാന്‍ തോന്നുന്നപോലെ. ഗണം ഭയന്നാല്‍ നാമും ഭയക്കുന്നു. ഇവിടെ ഏകാഗ്രത, ചിന്തയുടെ സ്വച്ഛസുന്ദരമായ ഒഴുക്ക്, ആശയവിശുദ്ധി, മനോഭാവം, വികാരങ്ങള്‍, സഹജാവബോധം, സമാനുഭാവം (empathy), സഹാനുഭൂതി തുടങ്ങിയവ ബാഹ്യശക്തികളുടെ സ്വാധീനത്താല്‍ മലിനീകരിക്കപ്പെടാന്‍ ഇടയുണ്ട്. എന്തിനേറെ പറയുന്നു, ആള്‍ക്കൂട്ടത്തിന്റെ സദാചാരബോധത്തിന്റെ പശ്ചാത്തലത്തില്‍ നാം വ്യക്തമായ ബോധ്യമില്ലാതെ വ്യക്തികളെയും സംഭവങ്ങളെയും ശരിയോ തെറ്റോ എന്ന് വിധിക്കുക പോലും ചെയ്യുന്നു.
'സദാചാരം' എന്നത് ഒരുപാടു ചര്‍ച്ചകളും പഠനങ്ങളും ആവശ്യമായ ബൃഹത്തായ തത്വശാസ്ത്രപരമായ ഒരു ആശയമാണ്. പക്ഷെ ഇടുങ്ങിയ, വഴക്കമില്ലാത്ത ഗണചിന്തനത്തിന്റെ ഫലമായുണ്ടാവുന്ന സദാചാരബോധവും കപടസദാചാരബോധവും വളരെ അടുത്ത ബന്ധുക്കളാണ്. ഇവയൊക്കെ സ്വതന്ത്രചിന്തയെ പിന്നോട്ടടിക്കും.
6. അറിവ് അപൂര്‍ണ്ണം
"തങ്ങള്‍ക്ക് എല്ലാമറിയാം എന്ന് വിശ്വസിക്കുവര്‍ എന്തെങ്കിലും ചെയ്യുവര്‍ക്ക് സ്വൈര്യക്കേട് ഉണ്ടാക്കുന്നു." - ഐസക് അസിമോവ്
തങ്ങളുടെ പക്കല്‍ എല്ലാറ്റിനുമുള്ള ഉത്തരമുണ്ട് എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കികൊള്ളുക, അവര്‍ വ്യാജന്‍മാരോ, തെറ്റിദ്ധരിക്കപ്പെട്ടവരോ, അജ്ഞതയില്‍ കഴിയുവരോ ആണ്. സത്യം പറയുക എന്നത് ഭ്രാന്തനായവന്‍, നുണയില്‍ ജീവിക്കുന്നു. ഒരു വിഗഹ വീക്ഷണം നടത്തിയാല്‍ കാണാം, മാറ്റത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് യാഥാസ്ഥിതികവാദികള്‍, മതങ്ങള്‍ അധികാരികള്‍ തുടങ്ങിയ ശക്തികേന്ദ്രങ്ങളാണ്. കാരണം ഇവര്‍ മാറ്റത്തെ ഭയക്കുന്നു. ഇവരുടെ ലോകവീക്ഷണം തങ്ങളുടെ പക്കലുള്ള അറിവ് പരമോന്നതം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ചില സമയത്ത് ശാസ്ത്രം പോലും ഇവരുണ്ടാക്കുന്ന ചുഴലിക്കാറ്റില്‍ അകപ്പെടാറുണ്ട്. സ്വതന്ത്രചിന്തകര്‍ വിജ്ഞാനം അപൂര്‍ണ്ണവും, ചില സമയത്ത് മാറ്റത്തിനു വിധേയമാവുകയും ചെയ്യുമെന്ന സത്യത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇന്ന് നാം അറിയുന്നത് നാളെ നാം എന്തറിയുന്നു എന്നതിനെ അടിസ്ഥാനമാക്കി നാടകീയമായിത്തന്നെ മാറിമറിഞ്ഞിരിക്കും. അതിനാല്‍ എല്ലാമറിയാം, എല്ലാറ്റിനും ഉത്തരമുണ്ട് എന്ന് നടിച്ചുവരുന്ന വ്യക്തികളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും സ്വതന്ത്രചിന്തകന്‍ ഓടിയകലേണം.
7. അധികാരകേന്ദ്ര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക.
"നിശബ്ദതയേക്കാള്‍ അധികാരകേന്ദ്രത്തെ ശക്തമാക്കുന്ന മറ്റൊന്നില്ല." - ലിയനാര്‍ഡോ ഡാവിഞ്ചി
സമൂഹത്തെ ഭരിക്കുന്ന രണ്ടു ശക്തികളാണ് അധികാരശ്രേണിയും സാമൂഹ്യഘടനയും. ഇവ രണ്ടും മാറ്റത്തെ സമ്മര്‍ദ്ദമുപയോഗിച്ച് തടയുകയോ, സാവധാനത്തിലാക്കുകയോ ചെയ്യുന്നു. യുക്തിവിചാരത്തെ നിരാകരിച്ചുകൊണ്ട് അധികാരകേന്ദ്രത്തിലുള്ള അന്ധമായ വിശ്വാസം സത്യത്തിന്റെ ഏറ്റവും വലിയ ശത്രുവത്രെ. നാം ബാഹ്യശക്തികളാല്‍ പരിമിതപ്പെട്ടുകൂടാ. അത് മതമായാലും, മനുഷ്യനായാലും, പുസ്തകമായാലും ശരി. കാരണം ചോദ്യം ചെയ്യുക എന്നതും വെല്ലുവിളി ഉയര്‍ത്തുക എന്നതും സത്യാന്വഷണം നടത്തുകയെന്നതും നമ്മുടെ അടിസ്ഥാന അവകാശങ്ങളാണ്. സ്വതന്ത്രചിന്തകര്‍ സമൂഹത്തിന്റെ അതിര്‍വരമ്പുകളിലിരന്ന് അതിനെ പിടിച്ചുലയ്ക്കുന്ന പുതിയ ആശയങ്ങള്‍ പാകം ചെയ്യുന്നു. അവര്‍ അനാരോഗ്യകരമായ (വളര്‍ച്ചയെ തടയുന്ന) അധികാരകേന്ദ്ര സമ്മര്‍ദ്ദങ്ങളെയും ഏകരൂപവല്‍ക്കരണത്തെയും എതിര്‍ക്കുന്നു. മാറ്റത്തെ പുല്‍കുന്നു. കാരണം വ്യത്യസ്തതയാണ് സൃഷ്ടിക്ക് സൗന്ദര്യമേകുന്നത്.
8. സമയം ഒരു മിഥ്യാവലയം
"നാം നമുക്ക് സമയം ഉണ്ട് എന്ന് കരുതുന്നതാണ് പ്രശ്‌നം." - ശ്രീബുദ്ധന്‍
ദാര്‍ശനികര്‍ സമയമാകുന്ന മിഥ്യാവലയം ഭേദിച്ച് പുറത്തുവന്നവരാണ്. കാരണം നമുക്കറിയാം, നാം ലോകത്തെ നോക്കിക്കാണുന്നത് സമകാലിക ആഖ്യാനങ്ങളിലൂടെയാണ്. ഇവ ദശാബ്ദങ്ങള്‍ താണ്ടി ക്ഷയോന്മുഖമായവയും, വ്യക്തി - പ്രസ്ഥാനതാല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തപ്പെട്ടവയുമാണ്. മഹാന്‍മാരും, ഭവിഷ്യവാദികളും, ദാര്‍ശനികരും, സ്വതന്ത്രചിന്തകരും ആഖ്യാനങ്ങള്‍ക്കപ്പുറം ദര്‍ശിച്ചു. അവര്‍ വര്‍ത്തമാനമാകുന്ന മിഥ്യാഗോളം ഭേദിച്ച് സമയത്തിനപ്പുറം കണ്ടു. സ്വതന്ത്രചിന്തകരുടെ സമയസൂചികകളും സ്വതന്ത്രമാവട്ടെ.
ഒരു സ്വതന്ത്രചിന്തകന്റെ മനസ്സ് ആയിരക്കണക്കിന് ആശയങ്ങളെ കൈവശം വയ്ക്കുന്നു. എന്നാല്‍ ഒരു കടുംപിടുത്തക്കാരന്റെ മനസ്സിനെ ഏതെങ്കിലും ഒരു ആശയം ഭരിക്കുന്നു. ലിയോ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ കടം കൊള്ളട്ടെ:
"മുന്‍വിധി കൂടാതെ തങ്ങളുടെ സമ്പ്രദായം, വിശേഷാധികാരം, വിശ്വാസം എന്നിവയ്ക്ക് വിരോധമായേക്കാവുന്ന കാര്യങ്ങളെ മനസ്സിലാക്കാനുള്ള തുറവിയുടെ മനസ്സുള്ളവരാണ് സ്വതന്ത്ര ചിന്തകര്‍. ഈ മനസ്ഥിതി സാധാരണമല്ല. എന്നാല്‍ ശരിയായ ചിന്തയ്ക്ക് അനിവാര്യവുമാണ്."
(This article is originally written by Geo Kappen, Life Guru. Unauthorized copying or publishing without permission is prohibited).
Comments
Post a Comment